Páginas

Friday, February 26, 2010

പൊരുത്തം



                 ഗുരുദാസൻ എന്ന ദാസൻ മാസ്റ്റരുടെ കല്ല്യാണദിവസം, കല്ല്യാണപ്പന്തലിൽ വെച്ച് സഹപ്രവർത്തകർ ചിന്തിച്ചതുപോലെ സംഭവിച്ചു.
                 ‘ഈ ബന്ധത്തിന് അധികകാലം ആയുസ്സുണ്ടാവില്ല’, എന്ന് വധൂവരന്മാരെ കണ്ടപ്പോൾ‌ പലർക്കും തോന്നിയതായിരുന്നു. കുരങ്ങിന്റെ കൈയിൽ പൂമാല പോലെയോ, കടുവയുടെ കൈയിൽ മുയലിനെ പോലെയോ ആയിരുന്നു അവരുടെ ദാമ്പത്യബന്ധം ആരംഭിച്ചത്. ഒടുവിൽ ഭാര്യ മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതോടെ ഗുരുദാസൻ മാസ്റ്റർ സ്വതന്ത്രനാവുകയും ഡൈവോർസ് എന്ന ലോട്ടറി അടിക്കുകയും ചെയ്തു.

                 നാട്ടിൻപുറത്തുകാരനായ ഗുരുദാസൻ തൊട്ടടുത്ത വിദ്യാലയത്തിലെ മലയാളം വിദ്വാനാണ്. മലയാള സാഹിത്യം വിരൽത്തുമ്പിലെടുത്ത് എല്ലായിപ്പോഴും അദ്ദേഹം അമ്മാനമാടി കളിക്കും.  കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തിന്റെ അച്ഛൻ പരലോകം പ്രാപിച്ചതിനാൽ കല്ല്യാണ സമയത്ത് വീട്ടിലുള്ളത് പ്രായമായ അമ്മ മാത്രം. ഏക മകനായതിനാൽ അമ്മക്ക് മകനും മകന് അമ്മയും തുണ ആയിരിക്കെ, മാതൃസ്നേഹം കരകവിഞ്ഞൊഴുകുന്ന നേരത്താണ് ഗുരുദാസന്റെ തലയിൽ ആരോ കല്ല്യാണചിന്ത കയറ്റി വിട്ടത്.

                  കല്ല്യാണക്കാര്യം അമ്മയുമായി ഡിസ്ക്കസ് ചെയ്യാൻ രണ്ട് സീനിയർ ടീച്ചേർസിനെ ഗുരുദാസൻ വീട്ടിലേക്ക് ഫോർവേഡ് ചെയ്തു. അവർ മകന്റെ കല്ല്യാണക്കാര്യത്തെപറ്റി ചർച്ച തുടങ്ങിയ ഉടനെ അമ്മ ‘കട്ട്’ ചെയ്തു.
“അതേയ് എന്റെ കല്ല്യാണസമയത്ത് അങ്ങേർക്ക് വയസ് നാല്പതാ, ഇവനത്ര പ്രായമൊന്നും ആയില്ലല്ലൊ”
“പെൻഷൻ പറ്റാറാകുമ്പോൾ മക്കളുണ്ടായാൽ മതിയോ?”
                  വയസ്സുകാലത്ത് മക്കളുണ്ടായാലുള്ള പ്രയാസങ്ങളെ കുറിച്ച് ഗുരുദാസൻ മാസ്റ്ററുടെ അമ്മക്ക്, ടീച്ചേർസിന്റെ വക ഒരു സ്റ്റഡീക്ലാസ്സ് കൊടുത്തു. ഒടുവിൽ പാർട്ടി മാറി വോട്ട് ചെയ്യുന്ന പ്രയാസത്തോടെ അമ്മക്ക് സമ്മതം മൂളേണ്ടിവന്നു.
“അവന് അത്ര വലിയ തിരക്കുണ്ടെങ്കിൽ നല്ലൊരു പെണ്ണിനെ ജാതകപ്പൊരുത്തം നോക്കി കഴിച്ചോട്ടെ; ഞാനെന്തിനാ ഒരു തടസ്സമാവുന്നത്”

                  അങ്ങനെ കൊട്ടും കുരവയും വെടിക്കെട്ടുമായി മുപ്പത്തിആറാം വയസ്സിൽ പത്തിൽ പത്ത് പൊരുത്തവുമായി ഗുരുദാസമാസ്റ്ററുടെയും പ്രതിഭയുടെയും വിവാഹം കഴിഞ്ഞു.

                   പഠനം കഴിഞ്ഞ് ഒരു സർക്കാർജോലി സ്വപ്നം കാണുന്ന ഇരുപത്തിമൂന്നുകാരി പ്രതിഭ ജോലിയെന്ന മോഹത്തോട് റ്റാറ്റ പറയാൻ തീരുമാനിച്ച്  കല്ല്യാണപ്പന്തലിലേക്ക് കയറി.

                  ആദ്യരാത്രി മണിയറയിൽ വെച്ച് ഗുരുദാസൻ ശരിക്കും ഒരു അദ്ധ്യാപകനെപോലെ നവവധുവിനെ ധാരാളം പഠിപ്പിച്ചു. എന്തെല്ലാം ചെയ്യണമെന്നും എന്തെല്ലാം ചെയ്യരുതെന്നും, കേട്ട് കേട്ട് അവൾക്ക് മടുത്തു. പ്രധാനമായും അമ്മയെ പരിചരിക്കേണ്ട കാര്യങ്ങളാണ്. അങ്ങനെ ആ രാത്രി ഉപദേശങ്ങൾ കേട്ട്‌കേട്ട് പ്രതിഭ അറിയാതെ ഉറങ്ങി.

                  അവൾ ഇതുവരെ കാണാത്ത ഒരു ബന്ധമായിരുന്നു ഗുരുദാസനും അമ്മയും തമ്മിൽ. അച്ഛൻ ചെറുപ്രായത്തിലെ മരിച്ചതിനാൽ അമ്മക്കും മകനും ഇടയിൽ മറ്റൊരു ലോകമില്ല. മകന്റെ മുന്നിൽ അമ്മയുടെ മാതൃസ്നേഹം അവാച്യമാണ്; ‘കഴിയുമെങ്കിൽ ആ അമ്മ മകനെ എടുത്ത് ഗർഭപാത്രത്തിൽ തന്നെ ഇരുത്തിക്കളയും’ എന്ന് അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

                  വിവാഹശേഷം ഒരാഴ്ച കഴിഞ്ഞ് പ്രതിഭയുടെ കരണത്ത് ആദ്യ അടി വീണു. വീട്ടിൽ വന്ന പാൽക്കാരനെ നോക്കി അവളൊന്ന് ചിരിച്ചതാണ് കാരണം. അടികൊണ്ട് കരയുന്ന മരുമകളെ കണ്ടില്ലെന്ന മട്ടിൽ അമ്മായിഅമ്മ അടുക്കളയിൽ പോയി ഭക്ഷണം വിളമ്പാൻ തുടങ്ങി.
 പിന്നെയങ്ങോട്ട് അടികൊള്ളാത്ത ദിനങ്ങളുടെ എണ്ണം കുറഞ്ഞു. 

                   ഒരു ദിവസം വളരെ സ്നേഹത്തോടെ പ്രതിഭയോടൊപ്പം ഗുരുദാസൻ ഭാര്യാഗൃഹത്തിലേക്ക് വിരുന്നിനു പോയി. പുരുഷന്മാരായ സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. വളരെ സന്തോഷത്തോടെ സ്നേഹത്തോടെ ഇരുവരും തിരിച്ചെത്തി. വീട്ടിൽ കടന്ന ഉടനെ ഗുരുദാസൻ മാസ്റ്റർ ഭാര്യയെ തല്ലാൻ തുടങ്ങി. അവളുടെ ശരീരം മുറിഞ്ഞ് രക്തം വന്നു. തല്ല് കൊണ്ട മരുമകളെ ആശ്വസിപ്പിച്ച അമ്മായിഅമ്മ മകനോട് കാരണം തിരക്കി.
“അത് ഞങ്ങൾ രണ്ട്പേരും റോഡിലൂടെ നടന്ന് വരുമ്പോൾ ബസിനകത്തിരിക്കുന്ന ഒരുത്തൻ ഇവളെ തുറിച്ച് നോക്കുന്നു. ഇവൾ അവനെ നോക്കിയത് കൊണ്ടായിരിക്കില്ലെ അവൻ നോക്കിയത്?”
“അത് പിന്നെ പെണ്ണിനെ ആണുങ്ങൾ നോക്കുന്നത് അവൾ ശരിയല്ലാത്തതു കൊണ്ടല്ലെ”
അമ്മ എരിതീയിൽ എണ്ണയൊഴിച്ചു.

                   മാസ്റ്റർ സ്ക്കൂളിൽ പോയ ഒരു ദിവസം പ്രതിഭയുടെ സഹോദരൻ അവളെ കാണാൻ വീട്ടിൽ വന്നു. വൈകുന്നേരം അളിയനെ കണ്ട് വിശേഷങ്ങൾ ആരാഞ്ഞ് തിരിച്ചുപോയി. അന്ന് ഗുരുദാസൻ മാസ്റ്റർ ഭാര്യയോട് പറഞ്ഞു,
“നിന്റെ സഹോദരനാണെങ്കിലും അവൻ ഒരു പുരുഷനാണ്; അത്കൊണ്ട് ഞാനില്ലാത്ത നേരത്ത് ഇവിടെ വന്നാൽ നീ പുറത്തിറങ്ങാതെ മുറിയടച്ച് ഇരിക്കണം”

                   ഭാര്യയെ സ്വന്തം വീട്ടിൽ പോലും വിടാതെ ഒരു വർഷം ആ വിവാഹജീവിതം മുന്നോട്ട് പോയി. ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിച്ച് പ്രതിഭ ഒരു മാനസീക രോഗി ആയി മാറി. വിടർന്ന പൂവിന്റെ ശോഭയുള്ള അവളുടെ പ്രതിഭയും സൌന്ദര്യവും നശിച്ച് വാടിക്കൊഴിയാറായി. മാനസിക രോഗിയായ ഭാര്യയെ അവളുടെ വീട്ടിലാക്കാനും ഡൈവോർസ് ചെയ്യാനും ഗുരുദാസൻ മാസ്റ്റർക്ക് എളുപ്പമായി.
  
                   വർഷം ഒന്ന് കഴിഞ്ഞു; മാസ്റ്ററുടെ ദയനീയ അവസ്ഥ കണ്ടപ്പോൾ സുഹൃത്തുക്കൾക്ക് തോന്നി; അദ്ദേഹത്തെ ഒന്നു കൂടി വിവാഹം കഴിപ്പിച്ചാലോ?
                  അമ്മക്ക് ഇടയ്ക്കിടെ അസുഖം വരുന്ന അവസ്ഥയിൽ വീട്ടിൽ ഒരു ഭാര്യ ആവശ്യമാണെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ ഒരു ശുഭദിനത്തിൽ ജാതകപ്പൊരുത്തം നോക്കാതെ വിലാസിനി ടിച്ചറെ ഗുരുദാസൻ മാസ്റ്റർ കല്ല്യാണം കഴിച്ചു. ‘കുരങ്ങിന്റെ കൂടെ ഒരു കരിം‌കുരങ്ങ്തന്നെ ആയത് നന്നായി’ എന്ന് രണ്ടാം കല്ല്യാണവേദിയിൽ വെച്ച് സഹപ്രവർത്തകർ പറഞ്ഞു.

                       പ്രശ്നങ്ങളൊന്നും ഇല്ലാതെ വളരെ സന്തോഷത്തോടെ അവരുടെ ദാമ്പത്യബന്ധം മുന്നോട്ട് പോവുകയാണ്.
ഒരു ദിവസം സ്ക്കൂളിലെ സഹപ്രവർത്തകർ ഗുരുദാസൻ മാസ്റ്ററോട് ചോദിച്ചു,
“ആ പ്രതിഭ വളരെ നല്ല കുട്ടി ആയിരുന്നില്ലെ? മാഷെന്തിനാ അവളെ ഒഴിവാക്കി ഇത്രയും വിരൂപിയായ സ്ത്രീയെ കല്ല്യാണം കഴിച്ചത്? ടീച്ചറായതു കൊണ്ടാണോ?”
“ഒരു ഭാര്യ ഇങ്ങനെയായിരിക്കണം ; കണ്ടാൽ ഒരു പുരുഷനും നൊക്കുകയില്ല, പോരാത്തതിന് വായ്നാറ്റം. അത് സഹിക്കാത്തതുകൊണ്ട് ആരും അവളുടെ അടുത്ത് വരില്ല; ഇപ്പോൾ എന്തൊരു മനസ്സമാധാനം”
ശരിക്കും ചികിത്സ വേണ്ടത് ഗുരുദാസൻ മാസ്റ്റർക്കാണെന്ന് പലർക്കും തോന്നി.

3 അഭിപ്രായ:

Anil cheleri kumaran said...

ദാസന്‍ മാഷൊരു സംഭവം തന്നെ.

February 27, 2010 at 2:58 AM
Manoraj said...

ടീച്ചറേ, ഈ മാഷെ നേരിൽ പരിചയമുണ്ടോ? ഉണ്ടേങ്കിൽ എന്റെ വക ഒരു സല്യൂട്ട് കൊടുത്തേര്...

March 4, 2010 at 7:40 AM
Echmukutty said...

എന്നാലും ദാസൻ മാസ്റ്റർ സത്യം പറഞ്ഞു ഒടുവിൽ.
പക്ഷെ, അടരുകളായി മുഖം മൂടികൾ ധരിയ്ക്കുകയും ഒരിയ്ക്കലുമൊരിയ്ക്കലും ഒരാളോടും സത്യം വെളിപ്പെടുത്താതിരിയ്ക്കുകയും ചെയ്യുന്ന ഗുരുദാസന്മാർക്കൊപ്പം കഴിയുന്ന പ്രതിഭമാർ ഒരുപാട്........
ടീച്ചർക്ക് അഭിനന്ദനങ്ങൾ.

April 4, 2010 at 9:42 PM