Páginas

Monday, January 25, 2010

ജീവിതവഴിയിലെ ജനല്‍പ്പാളികള്‍



നടന്നു വേണം ബസ്റ്റോപ്പിലെത്തുവാന്‍... ദിവസവും ഒരേവഴി...! വലതുഭാഗം കുത്തൊഴുക്കില്ലാത്ത, തടയണിയുടെ ബാക്കിഭാഗമായ നദി. ഇടതുവശം ഒറ്റപ്പെട്ട വീടുകളും, ചേറുകള്‍ കൂട്ടിയിട്ടിരിക്കുന്ന നഗരസഭയുടെ അഴുക്കുപാത്രം പോലെ പരന്ന് വികൃതമായി കിടക്കുന്ന സ്ഥലങ്ങളും...! മൂക്ക് പൊത്തിക്കടക്കുകയാണ് പതിവ്. പിന്നെയും കുറച്ചുകൂടി നടന്നാല്‍ രണ്ടുനിലകളുള്ള ഒരു പഴയ വീട്, പേര കായിച്ചുനില്‍ക്കുന്ന മുറ്റത്ത്. പുതിയ മതിലിന്റെ മറവില്‍ പേരയുടെ മുകള്‍ ഭാഗം മാത്രം കാണാം, ഒന്നാം നിലയുടെ പകുതിഭാഗവും രണ്ടാംനില മുഴുവനും കാണാം.

ദിവസങ്ങള്‍ കൊണ്ടുള്ള പരിചയം മൂലം, ആ ഏകാന്ത ഭവനത്തെ അടുത്തറിയുവാന്‍ തുടങ്ങി. എന്തോ ഒരു ആകര്‍ഷണമുള്ളതുപോലെ.. ! ഗേറ്റ് തുറന്നു കയറിയാല്‍ വതിലുകളല്ല കാണുന്നതെന്നു മനസ്സിലായി. അങ്ങനെ അകത്തുകയറി, പേരക്കയുടെ രുചി അറിയാന്‍ കഴിഞ്ഞു. വീണ്ടും ഉള്ളിലേക്കു കയറി ഇടത്തോട്ട് തിരിഞ്ഞാല്‍ വാതില്‍ കാണാം..! ദൈവമേ കതകിന്റെ പാതി പാളി തുറന്നു കിടക്കുന്നു. ഇന്നിത്രേം മതി, തിരിച്ചിറങ്ങാന്‍ നോക്കിയപ്പോള്‍ പുറകില്‍ കടുപ്പിച്ച നോട്ടവുമായി ഒരു “പാട്ടി” (അമ്മൂമ്മ) . “ ദൈവമേ പെട്ടുപോയല്ലൊ, തിരിച്ചിറങ്ങാന്‍ ഒരു വഴിമാത്രം പക്ഷെ ചുവന്ന കണ്ണുകളുമായി തുറിച്ചുനോക്കി നില്‍ക്കുന്നു പാട്ടി. ”“ കൊയ്യപ്പളത്തിക്കാകെ...! ” (പേരയ്ക്കായിക്കുവേണ്ടി...!)
ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു. ചുട്ട മറുപടി തന്നെ കിട്ടി. പിന്നെ ഒരു ചോദ്യവും “പേരക്കായിക്കു വന്നതാണെങ്കില്‍ അതെടുത്ത് പോയിക്കൂടേ..? ഈ ഭാഗത്തേക്കുവന്നെന്താ കാര്യം...? മേലാല്‍ ഈ മതിലിനകത്ത് ഇനി കണ്ടു പോകരുത് ” എന്നൊരു താക്കീതും.
‘ പിന്നേ ഈ വീട്ടിലെന്താ രത്നം പൂഴ്ത്തി വച്ചിരിക്കുവല്ലേ...! ’ ഞാന്‍ മനസ്സിലോര്‍ത്തു.
“എന്ന നെനച്ചിട്ടിരുക്ക്....? വെലിയില് പോ...! ”(എന്തോ ആലോചിച്ചോണ്ട് നില്‍ക്കുവാ...? വെളിയില്‍ പോ..! ) അവരലറി. വെളിയില്‍ വന്നപ്പോഴേക്കും വിയര്‍ത്തുപോയി. വായില്‍ വെള്ളം ഊറിയാലും, വീണ്ടും അതിനകത്തേക്കു കയറുവാന്‍ ഒരു ധൈര്യക്കുറവ് .

പിന്നെ പിന്നെ ശ്രദ്ധ രണ്ടാം നിലയിലുള്ള അടഞ്ഞ ജനല്‍പ്പാളികളില്‍ മാത്രമായി. അതില്‍ മാത്രമായി നോട്ടം. ഇത്രയും നാളായി അത് തുറന്നിട്ടേ ഇല്ല ! ദാ ആ പാട്ടി എതിരേ..! “എന്നടാ അങ്കെയേ പാത്തിട്ട് വരുത്...? അങ്കെ ഉന്‍ #*x*##@# ഇരുക്കാ..?”. (എന്താടാ അവിടെതന്നെ നോക്കി വരുന്നത്.? അവിടെന്താ നിന്റെ #*x*##@# ഇരുപ്പുണ്ടോ..? ) കലി കയറി വന്നു എനിക്ക്. പെട്ടെന്നാണ് അതു സംഭവിച്ചത് കൂടെ വന്ന ഒരുവന്‍ ഒരു കല്ലെടുത്ത് ആ ജനാലപ്പാളിയിലേക്കൊരേറ്...!



തച്ചുടച്ചു അത്, ഉന്നം ശരിയായതിന്റെ ആഹ്ലാദം ! പക്ഷെ നടന്നതു വിപരീതമായിരുന്നു, അലറിക്കരയുന്ന ഒരു പെണ്‍കുട്ടിയുടെ സ്വരം, ഉച്ചത്തില്‍ വളരെ ഉച്ചത്തില്‍..... എല്ലാവരും ഓടിക്കളഞ്ഞു..! ഞാന്‍ അന്തിച്ചവിടെ നിന്നു. അത്ഭുതമായിരുന്നു എനിക്ക്, ഒരിക്കലും തുറക്കാത്ത ആ ജനല്‍പ്പാളിയുടെ അപ്പുറത്ത് ആരായിരിക്കാം, അവള്‍ എങ്ങനെ ഇരിക്കും..? ജിജ്ഞാസ കൂടി വന്നു.


കുറെ നാളുകള്‍ക്കു ശേഷം വെളിച്ചവും കാറ്റും ഉള്ളില്‍ വന്നതിന്റെ സന്തോഷമോ, തന്റെ പ്രിയപ്പെട്ട ജനല്‍ചില്ലുകള്‍ ഉടഞ്ഞതിന്റെ വിഷമവും പ്രകടാമാകാത്ത, മുടി അഴിഞ്ഞ് പരന്നുനടക്കുന്നതും, പൊട്ടുകുത്താതുമായ ഒരു മുഖവുമായി പൊട്ടിയ ഒരു ജനാലച്ചില്ല് കയ്യിലേക്കെടുത്ത് പുറത്തേക്ക് നോക്കി അവള്‍....! എന്നെയായിരുന്നോ നോക്കിയത്...? അല്ല ! പുതിയ വെളിച്ചത്തെ ? ആ പേരമരത്തിലിരുന്ന് കൊഞ്ചുന്ന കിളികളെ....? അല്ല ! തണുപ്പേകി തഴുകുന്ന ആ കാറ്റിനെ അനുഭവിക്കുന്നതുപോലെ പവള്‍ പെട്ടെന്നു കണ്ണടച്ചു..!


ഒന്നും പറയാതെ കയ്യിലിരുന്ന സഞ്ചി താഴെയിട്ട് പാട്ടി അകത്തേക്കോടി, നിമിഷങ്ങള്‍ക്കു ശേഷം അവള്‍ പുറകോട്ടു നോക്കി... ഓടി വന്ന് കയ്യിലെ പൊട്ടിയ ചില്ല് പിടിച്ചുവാങ്ങി അവര്‍ അവളെയും കൊണ്ട് പോകാന്‍ തുടങ്ങി....
“വാടാ... ടാ വരാന്‍... കൂട്ടുകാര്‍ ദൂരെ മാറിനിന്ന് വിളിക്കുന്നു.”
അവള്‍ എന്നെ നോക്കി, നിര്‍വികാരമായ ആ നോട്ടം, പിന്നെ, വെളിയിലെ ദൃശ്യങ്ങള്‍ മാഞ്ഞുപോകുമല്ലോ എന്നോര്‍ത്താവാം ദയനീയമായി. അവ്യക്തമായ ചിത്രങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ ആ ദിവസം മുഴുവന്‍, ആ നിര്‍വികാര നിര്‍മല മുഖമോര്‍ത്ത് ചിന്തയില്‍ മുഴുകി.


അറിയാനുള്ള ആഗ്രഹം, കോളേജില്‍ നിന്ന് അരദിവസത്തെ ലീവെടുത്തു. തിരിച്ച് പഴയ സ്ഥലത്തു ചെല്ലാന്‍ ഒരു മടി, പൊട്ടിപ്പോയതിന് പകരം ഗ്ലസുമേടിച്ചു കൊടുക്കുവാന്‍ പറഞ്ഞാലോ..! അതുകൊണ്ട് ആ വീടിനടുത്തവഴിയിലുള്ള ചായക്കടയിലെ ചായ രുചിനോക്കാതെ ഇറക്കി. പിന്നെ ചില അന്വേഷണങ്ങള്‍, എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തപോലെ ചായക്കടക്കാരന്‍ ഒന്നും പറയാതെ എല്ലാം പറഞ്ഞു. രണ്ടര രൂപ വെറുതെ പോയില്ല, അവളും അമ്മൂമ്മയും മാത്രമാണ് അവിടെ ഉള്ളതെന്നും, രാവിലെ ഒരു ആമ്പുലന്‍സില്‍ അവളെ കയറ്റികൊണ്ടുപോയിരുന്നു എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. അവളുടെ അച്ഛനമ്മമാര്‍ രണ്ടുവര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തെന്നും,
അങ്ങോട്ടു പോകണ്ടാ രാത്രികാലങ്ങളില്‍ അവരുടെ പ്രേതത്തിന്റെ അലര്‍ച്ച കേള്‍ക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിട്ട് എന്നെ ഒന്നു സൂക്ഷിച്ചുനോക്കി. കൂടുതൊലൊന്നും ചോദിക്കാതെ ഞാന്‍ നടന്നു.


കൂട്ടുകാര്‍ തിരിച്ചു വന്നു, വെള്ളിയും ശനിയും അവധി പ്രഖ്യാപിച്ചു. സന്തോഷം ആ വഴി ഇനി കുറച്ചുനാള്‍ കഴിഞ്ഞു പോയാ‍ല്‍ മതിയല്ലോ.. കൂട്ടുകാര്‍ ഇങ്ങനെയും പറയുന്നുണ്ടായിരുന്നു!


പക്ഷെ ഉറങ്ങാന്‍ കഴിയുന്നില്ല. അടുത്തദിവസം വീണ്ടും അതേ വഴിയിലൂടെ ഞാന്‍.. ജനല്‍പ്പാളികളില്‍ ഇന്നു ചില്ലുകള്‍ പൂര്‍ണമായും ഇല്ല, കമ്പിയഴികള്‍ക്കപ്പുറത്ത് ചീകിഒതുക്കിയമുടിയും, പൊട്ട് തൊട്ട്, പുറത്തേക്കു നോക്കിയിരിക്കുന്ന സുന്ദരിക്കുട്ടിയെ ഞാന്‍ കണ്ടു. മനസ്സിന് സമാധാനവും വെളിച്ചവും വീണപോലെ അവള്‍ ആരെയോ പ്രതീക്ഷിച്ച് നില്‍ക്കുന്നു. അവള്‍ എന്നെ നോക്കി, നിര്‍വികാരമായ നോട്ടം, പിന്നെ വെളിയിലെ ദൃശ്യങ്ങള്‍, ഉള്ളിലെ ദൃശ്യങ്ങളുടെ നിഴലുകള്‍ മായിക്കുന്നതുകൊണ്ടാകാം, ദയനീയമായ ആ നോ‍ട്ടം മാഞ്ഞിരിക്കുന്നു.
ഞാന്‍ തിരിച്ചു നടന്നു, അവള്‍ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ..? എന്തിനാണ് അവളിലെ ഈ മാറ്റം ?


അടുത്ത ദിവസം വീണ്ടും ആ വഴിയെ ലക്ഷ്യം കണ്ട്... “എങ്ങോട്ടാടാ രാവിലെ തന്നെ..? കോളേജില്ലല്ലോ ഇന്ന്.. ” ഞാന്‍ ഒന്ന് ചിരിച്ചു, ഒന്നും മിണ്ടാതെ ഗുപ്ത ലക്ഷ്യങ്ങള്‍ മനസ്സില്‍ കുറിച്ചിട്ട് വീണ്ടും ആ വഴിയെ ലക്ഷ്യമാക്കി നടന്നു.
ഇന്ന് എന്നെ കാത്തെന്ന പോലെ പാട്ടി നില്‍ക്കുന്നു..! ദൈവമേ എന്താകുമോ ആവോ? എന്തായാലും വരട്ടെ എന്ന് കരുതി അവരുടെ അരികിലേക്കു ഞാന്‍ നടന്നു. ആശ്ചര്യം ! ഒരു പുഞ്ചിരിയോട് കൂടി അവരെന്നെ വിളിച്ചു...!
“ രണ്ടു വര്‍ഷമായി, അവള്‍ ഇരുട്ടിനെ ഇഷ്ടപ്പെടുവാന്‍ തുടങ്ങിയിട്ട്, നീ തകര്‍ത്ത ആ ജനാലച്ചില്ലുകള്‍ക്ക് ഒരു മനുഷ്യനെ വെളിച്ചം കാണിക്കുവാന്‍ കഴിവുള്ളതായിരുന്നു. അന്ന് ഒരുനാള്‍, ഇവളുടെ വിവാഹനിശ്ചയം കഴിഞ്ഞെത്തിയ എന്റെ മകനും മരുമകളെയും ഞാനിന്നും ഓര്‍ക്കുന്നു, സന്തോഷത്തിനു പകരം പേടിയുള്ള ഒരു മുഖമായിരുന്നു അവര്‍ക്ക്... ചോദിച്ചതത്രയും കൊടുത്തില്ലങ്കില്‍ വിവാഹം മുടങ്ങും എന്നു പോലും...! പിറ്റേന്ന് പുലരി പിറന്നത് അവരുടെ ആത്മഹത്യാ കുറിപ്പുമായായിരുന്നു. കല്യാണവും മുടങ്ങി.. അത് അവളുടെ മാനസിക നില തെറ്റിച്ചു. വെളിച്ചത്തെയും പ്രഭാതത്തെയും അവള്‍ വെറുത്തു തുടങ്ങി. സ്വപ്നം കണ്ട തന്റെ കാമുകനെ ഭര്‍ത്താവായികിട്ടുമെന്നുള്ള പ്രതീക്ഷയും മാതാപിതാക്കളുടെ മരണവും അവളെ തളര്‍ത്തി. ഒന്നര വര്‍ഷത്തെ ചികിത്സയിലായിരുന്നു അവള്‍. പക്ഷെ നിര്‍വികാരമായ ഒരു മനസ്സുമായ ഒരു മനുഷ്യപ്രതിമയെയാണെനിക്കു അവര്‍ തിരികെ നല്‍കിയത്. പക്ഷെ നീ എനിക്ക് ആ ജീ‍വനെ തിരിച്ചുനല്‍കിയിരിക്കുന്നു, അവള്‍ക്ക് വെളിച്ചം ഇഷ്ടമായിത്തുടങ്ങിയിരിക്കുന്നു.. എങ്ങനെയാണ് നിന്നോട് ഞാന്‍ നന്ദി പറയേണ്ടത്...? ”


അവരുടെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കണ്ടു. അവര് കൈകൂപ്പി നിന്നു. ഒന്നും പറയാനറിയാതെ ഞാനും നിന്നു. ‘പിന്നെ വെരാം’ എന്ന ഒരു പാഴ്വാക്കേകി ഞാന്‍ നടന്നകന്നു.
അവള്‍ ആ ജനാലപ്പാളികള്‍ക്കപ്പുറത്ത്, മനസ്സിലെ ജനാലക്കകത്ത് തടഞ്ഞുവെച്ച തന്റെ അച്ഛനമ്മമാരെ, അതൊ തന്റെ കാമുകനായ പുരുഷന്റെ ഓര്‍മയുടെ ജാലകമാം തടവറയില്‍ നിന്ന് ചില്ല് പൊട്ടിച്ച് വെളിയില്‍ വന്നപോലെ എന്നെ നോക്കി.... ഇന്ന് അവള്‍ എന്നെ തന്നെയാണ് നോക്കുന്നത്. പേരറിയാത്ത ഞാനിതാ നടന്നകലുന്നു, പുതിയ ഒരു പ്രഭാതം നിനക്കായി നല്‍കിയിട്ട് ഞാനിതാ നടന്നകലുന്നു. പേരാറിയാത്ത നിന്നെയും മനസ്സിലേറ്റി പുതിയ പ്രഭാതം തേടി ഞാനും.


4 അഭിപ്രായ:

mini//മിനി said...

അടച്ചിട്ട ചില്ലുവാതിൽ എറിഞ്ഞുടച്ചപ്പോൾ ഓർമ്മകൾ ഓരോന്നായി പുറത്തുവരുന്ന നിമിഷങ്ങൾ, മനോഹരം.

January 27, 2010 at 6:25 AM
Manoraj said...

നന്നായിരിക്കുന്നു

January 28, 2010 at 6:44 PM
mukthaRionism said...

മനോഹരം.

January 31, 2010 at 2:31 AM
പട്ടേപ്പാടം റാംജി said...

അറിയാനുള്ള ജിജ്ഞാസ, പുറത്ത് ചാടുന്ന ഓര്‍മ്മകള്‍...
നന്നായിരിക്കുന്നു.

January 31, 2010 at 7:43 AM