Páginas

Friday, January 15, 2010

"ഒരിക്കല്‍ ഉണ്ടായിരുന്നു..."

ഗോപി വെട്ടിക്കാട്ട്

ഫീസില്‍ പുതുതായി ജോലിക്ക് വന്ന ഒപ്പേറെഷന്‍ മാനേജര്‍ ജിബി ജോര്‍ജിന്റെ വാചകമടി സഹിക്കാവുന്നതിലപ്പുരമായിരുന്നു.. മുപ്പതു പോലും തികയാത്ത അയാളുടെ വര്‍ണ്ണന കേട്ടാല്‍ അയാള്‍ അനുഭവിക്കാത്ത സ്ത്രീ കളില്ലെന്നും ..സ്ത്രീകളെല്ലാം അയാളുടെ പിറകെ പരക്കം പായുകയാനെന്നും തോന്നും..താനൊരു ഹീറോ ആണെന്ന ഭാവം .. വെറുപ്പാണ് തോന്നിയത് .അത് കൊണ്ട് തന്നെ കുറച്ചോരകലം എപ്പോഴും സൂക്ഷിച്ചു..

ജീവിത സായാന്ഹത്തിലെത്തിയ കെറുവ് മനസ്സില്‍ ഉള്ളതുകൊണ്ടാണോ എന്തോ.. ഒരിക്കല്‍ ജോലി സംബന്ധമായ ഒരു കാര്യത്തിന് ഒരുമിച്ചു പോകേണ്ടി വന്നപ്പോള്‍ പലതും സംസാരിച്ച കൂട്ടത്തില്‍ അയാളുടെ സ്വകാര്യ ജീവിതവും കടന്നു വന്നു.. അത് മുന്‍ ധാരണകളെ അപ്പാടെ മാറ്റി മറിച്ചു..അയാളുടെ വേദനകളെ മനസ്സിലെറ്റാന്‍ തുടങ്ങി..ചിരിച്ചും തമാശ പറഞ്ഞും നടക്കുന്ന ആ മനുഷ്യന്‍റെ ഉള്ളിലെ മുറിപ്പെട്ട മനസ്സ് വല്ലാതെ എന്‍റെ മനസ്സിനെയും നോവിക്കാന്‍ തുട്ടങ്ങി..അടുക്കും തോറും .അയാള്‍ എന്‍റെ ആരൊക്കെയോ ആയി.. വെക്കേഷന് ഒരുമിച്ചു നാട്ടില്‍ പോകുമ്പൊള്‍ അവന്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.. "ചേട്ടന്‍ എത്രയും പെട്ടെന്ന് എന്‍റെ വീട്ടില്‍ വരണം..എനിക്ക് കുറെ പറയാനുണ്ട്.." ഞാന്‍ കടന്നു വന്ന വഴികളിലൂടെ ..അവയുടെ ഓര്‍മകളിലേക്ക് ചേട്ടനോടോത്തു ഒരു തിരിഞ്ഞു നടത്തം.. "വരില്ലേ..." തീര്‍ച്ചയായും വരാം.. "കാടിന്‍റെ മണമറിയാന്‍.." "കാട്ടു തേനിന്റെ രുചി അറിയാന്‍.." "പിന്നെ നിന്റെയാകാട്ടു പെണ്ണിന്‍റെ മനസ്സറിയാന്‍ " ഞാന്‍ വരാം..

വയനാടന്‍ ചുരത്തിലൂടെ വണ്ടി നിരങ്ങി നിരങ്ങി നീങ്ങുമ്പോള്‍ മനസ്സ് അവന്‍റെ അടുത്തെത്തിയിരുന്നു.. "യാത്ര സുഖമായിരുന്നില്ലേ " " ഉം കുഴപ്പമൊന്നുമുണ്ടായില്ല" "വരൂ" "ഇത്രയും ദൂരം വണ്ടി ഓടിച്ച്ചതല്ലേ.." വിശാലമായ കൃഷി ത്തോട്ടതിനുള്ളിലെ സാമാന്യത്തില്‍ അധികം വലിപ്പമുള്ള ആഡമ്പരം വിളിച്ചോതുന്ന വീട്.. ആരെയും കാണാതായപ്പോള്‍ ചോദിച്ചു.. "ഇവിടെ ജിബിയല്ലാതെ വേറെ ആരും ഇല്ലേ.." "അപ്പച്ചനും അമ്മച്ചിയും പെങ്ങളുടെ വീട്ടില്‍ പോയിരിക്കുന്നു ..വൈകീട്ട് വരും.. ചേട്ടന്‍ വരുന്ന വിവരം അവര്‍ക്കറിയാം.." "ക്ഷീണം കാണുംഇനി കുളിച്ചിട്ടു ബാക്കി കാര്യം." അവന്‍ തോര്‍ത്തും സോപ്പും കൈയ്യില്‍ തന്നിട്ട് പറഞ്ഞു... കുളി കഴിഞ്ഞപ്പോള്‍ ഒരു സുഖം തോന്നി... അപ്പോഴേക്കും ജോലിക്കാര്‍ ഭക്ഷണം മേശയില്‍ റെഡി ആക്കി വെച്ചിരുന്നു.. നമുക്ക് വല്ലതും കഴിച്ചിട്ടു പുറത്തിറങ്ങാം..

ജീപ്പ് ഒരു സൈഡില്‍ ഒതുക്കിയിട്ടു അവന്‍ പറഞ്ഞു ..
"ഇനി നടക്കാം അതാ നല്ലത്..." "എനിക്കും അതാണിഷ്ടം .." കുലച്ചു നില്‍ക്കുന്ന വാഴകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അവന്‍ പറഞ്ഞു .. ആ കാണുന്നതാണ് പള്ളിയുടെ ശരണാലയം..വിവാഹം കഴിക്കാതെ അമ്മയാകുന്ന സ്ത്രീകളും .അച്ഛനില്ലാതെ ഉണ്ടായ കുട്ടികളും ആണ് അവിടെ..പള്ളിക്ക് അവിടെ സ്ഥലം കൊടുത്തത് എന്റെ അപ്പച്ചനാണ് .... ഇവിടന്നങോട്ട്‌ എല്ലാം ഞങളുടെയാണ്... ചേടന് അറിയാമോ ... "ഇവിടെ ഒരു പുഴയുണ്ടായിരുന്നു.....ഒരിക്കലും വറ്റാത്ത പുഴ ..." കെട്ടിക്കിടക്കുന്ന ചെറിയ ചെറിയ കുഴികള്‍ ചൂണ്ടി പറഞ്ഞു...ഞങ്ങള്‍ കുട്ടികള്‍ അക്കരെക്കും ഇക്കരെക്കും നീന്താന്‍ മല്സരിക്കുമായിരുന്നു...ഞങ്ങളുടെ വീട്ടിലെ കാര്യസ്ഥന്‍ വേലു മൂപ്പനാണ് എന്നെ നീന്തല്‍ പഠിപ്പിച്ചത്..കുറെ ആദി വാസിക്കുട്ടികളും ഉണ്ടാവും കുളിക്കാന്‍..കൂട്ടത്തില്‍ മല്ലികയും... എന്റെയും അവളുടെയും അരയില്‍ ഓരോ കയറു കെട്ടിയിട്ടാണ് മൂപ്പന്‍ വെള്ളത്തിലിറക്കുക.. നിലയില്ലാത്ത ഇടത്തെത്തുംപോള്‍ ഞങ്ങള്‍ താണു പോകും ..അപ്പോള്‍ അവളെന്നെ കെട്ടിപ്പിടിക്കും.. ഞങ്ങള്‍ രണ്ടാളും ഒരുമിച്ചു മുങ്ങും..അപ്പോള്‍ മൂപ്പ്പന്‍ വലിച്ചു കേറ്റും..അവളെന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം ഞാന്‍ എന്നും ആഴങ്ങളിലേക്ക് പോകും ..പിന്നാലെ അവളും..... മുകളില്‍ ഡാം കെട്ടിയപ്പോള്‍ ഇങ്ങോട്ട് നീരൊഴുക്ക് ഇല്ലാതായി.. ".ഞങ്ങളുടെ പുഴയെ അവര്‍ കൊന്നു..". പിന്നെ ആരൊക്കെയോ സ്ഥലം കൈയ്യേറി..പട്ടയം വാങ്ങി..അവര്‍ വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അപ്പച്ചന്‍ അതെല്ലാം വാങ്ങി... "മരിച്ചിട്ടും എന്നെ വിട്ടു പോകാത്ത പുഴ..."

മുകളിലെ റബ്ബര്‍ തോട്ടത്തിലൂടെ നടക്കുമ്പോള്‍ അവന്‍ പറഞ്ഞു.."ശ്രദ്ധിച്ചു നടന്നോളൂ അട്ട കാലില്‍ കയറും.." "ഇത് ഒരിക്കല്‍ കാടായിരുന്നു..." അന്നൊന്നും ഇങ്ങോട്ട് ആരും വരില്ല..കാട്ടു പന്നിയും ആനയും എല്ലാം കാണും...ഇവിടെ നിന്നാണ് മൂപ്പന്‍ കാട്ടു തേന്‍ കൊണ്ട് വന്നു തരിക..വലിയ വലിയ മരങ്ങളില്‍ കയറി ആദിവാസികള്‍ തേന്‍ എടുക്കുന്നത് അതിശയം തന്നെയാണ്..തേനീച്ച അവരെ കാണുമ്പോള്‍ ഒഴിഞ്ഞു പോകും...അന്ന് അപ്പച്ചന് മലന്ച്ഛരക്ക് കടയുണ്ടായിരുന്നു...വലിയ മുളം കുമ്പത്തിലാക്കി മല്ലികയും തേന്‍ അവിടെ കൊണ്ട് വന്നു വില്‍ക്കും.. "ഒരിക്കല്‍ അപ്പച്ചന്‍ കാണാതെ ഞാന്‍ അവള്‍ക്കു കുറെ രൂപ കൊടുത്ത് ..അവള്‍ കരഞ്ഞു കൊണ്ട് അത് എന്‍റെ നേരെഎറിഞ്ഞു.. മരങ്ങളെല്ലാം മുറിച്ചു മാറ്റി സര്‍ക്കാര്‍ സ്ഥലം ആധിവാസികള്‍ക്ക് പതിച്ചു കൊടുത്തു..പിന്നീടെപ്പൊഴോ പട്ടയങ്ങള്‍ അപ്പച്ചന്റെ പെട്ടിക്കുള്ളിലായി..അവരെല്ലാം പിന്നെയും ദൂരേക്ക് മാറിപ്പോയി...കൂട്ടത്തില്‍ മല്ലികയും. "ആ മരം കണ്ടോ" അതിന്റെ താഴത്തെ ചില്ലയിലാണ് മൂപ്പന്‍ ഞങ്ങള്‍ക്ക് ഊഞ്ഞാല്‍ കെട്ടിത്തരിക.." ആകാശത്തിന്റെ രണ്ടറ്റവും തൊടണമെന്നവള്‍ പറയുമ്പോള്‍ ഞാന്‍ എല്ലാ ശക്തിയും എടുത്ത്‌ അവളെ ആട്ടും.. ഞങ്ങള്‍ ആ മരത്തിനടുത്തെത്തി .. ഈ മരത്തിലാണ് എന്‍റെ മല്ലിക ...അവന്‍ ആ മരത്തില്‍ ചാരിനിന്നു വിതുമ്പി.. "കൊന്നിട്ടും ചാകാത്ത കാടിന്‍റെ ..അവളുടെ" ഓര്‍മ്മക്കായി ഈമരം എന്‍റെ കൂടെ ഇപ്പോഴും...

"നമുക്ക് പോകാം" ഞാന്‍ പറഞ്ഞു... അകലെ ചെറിയ കൂരകള്‍ ചൂണ്ടിക്കാട്ടി അവന്‍ പറഞ്ഞു..
"അവിടെ "

അവനത്‌ മുഴുമിപ്പിക്കുന്നതിനു മുന്‍പ്‌ ഞാന്‍ ചോദിച്ചു..

"കുറെ മനുഷ്യര്‍ ഉണ്ടായിരുന്നല്ലേ..."

6 അഭിപ്രായ:

ഖാന്‍പോത്തന്‍കോട്‌ said...

കഥ വായിച്ചു... ഇഷ്ടമായി.
പുതിയ കഥകള്‍ക്കായി വീണ്ടും വരാം...!
ആശംസകള്‍..!!

January 15, 2010 at 10:56 PM
Unknown said...

ഗോപി സാറേ,
ഒരിക്കല്‍ ഉണ്ടായിരുന്നു" - കഥ മനോഹരം. നല്ല കഥകളുമായി സാര്‍ ഇനിയും ഇവിടെ സജീവമായിതന്നെ യുണ്ടാവണം. ആശംസകള്‍..!!

January 16, 2010 at 8:51 AM
Dr. Indhumenon said...

ഗോപി സാറിനെ ഇവിടെ കണ്ടതിലും കഥ വായിച്ചപ്പോള്‍ അതിലേറെയും സന്തോഷം..എന്നും നല്ല കഥകള്‍ മാത്രമെഴുതുന്ന താങ്കള്‍ക്ക് ആശംസകള്‍..

January 16, 2010 at 2:20 PM
പട്ടേപ്പാടം റാംജി said...

ഇതിന് മുന്‍പ്‌ മൂന്ന് കഥകള്‍ ഞാന്‍ വായിച്ചിരുന്നു. അതുപോലെത്തന്നെ ഇതും ഗമ്ഭീരമായി.

January 19, 2010 at 8:33 AM
ജിത്തു said...

കഥ വായിച്ചു..
ഞാന്‍ ആദ്യമായിട്ടാണ് ഗോപി സാറിന്റെ കഥ വായിക്കുന്നത്.. വളരെ ഇഷ്ടപെട്ടു.. ഇനിയും നല്ല കഥകള്‍ വായിക്കാനായി ഇതു വഴി വരാം

January 21, 2010 at 5:21 AM
ഗോപീകൃഷ്ണ൯.വി.ജി said...

മനോഹരമായിരിക്കുന്നു.

January 22, 2010 at 10:19 AM