Páginas

ഇതെന്റെ അമ്മയാണ് .. (കഥ)






















നാണി ത്തള്ള മരിച്ചു ..
ഇന്നലെ ക്കൂടി കണ്ടതാണ് ...കൂനി ക്കൂനി ഒരു കൈ കാല്മുട്ടില് താങ്ങി
ചായ പ്പീടികയില് നിന്നും നടന്നു വരണത് .
"വയ്യെങ്കില് വീട്ടില് ഇരുന്നാല് പോരെ ..എന്തിനാ ഇങ്ങനെ നടക്കണേ.."
ഒന്ന് നീര്ന്നു നിന്നു ...
"തീരെ വയ്യ ..ന്നാലും ഈ നേരയാല് ഒരു ചായ കുടിക്കണം "
പകുതി വിഴുങ്ങിയും പകുതി പറഞ്ഞും ...
പറഞ്ഞു പറഞ്ഞു നാണിത്തള്ള കിതച്ചു.
വഴിയില് ആരെകണ്ടാലും എന്തെങ്കിലുമൊക്കെ പറയണം ..
അത് കൊണ്ട് തന്നെ എല്ലാവരും കണ്ടതായി നടിക്കാതെ കടന്നു പോകും..
"പോണ വഴിക്ക് വീട്ടില് കേറി എന്തെങ്കിലും കഴിച്ചിട്ട് പോയാല് മതി.

പുറമ്പോക്കിലെ കുടിലിന്റെ മുന്നില് ആളുകള് കൂടിയിട്ടുണ്ട് ...
അകത്തേക്ക് കടന്നു..നിലവിളക്കില് എരിയുന്ന തിരിയുടെ വെളിച്ചത്തില് ആ മുഖത്തിനു
സ്വര്ണത്തിന്റെ തിളക്കം..ചുളിവു കളെല്ലാം പോയിരിക്കുന്നു..
ചെറിയൊരു പുഞ്ചിരി യോടെ ..ഉറങ്ങിക്കിടക്കുകയാനന്നെ തോന്നൂ..

ഇനിയിപ്പോ ആരും വരാന് ഇല്ലാത്ത സ്ഥിതിക്ക് എന്തിനാ വൈകിക്കണേ.
ആകെയുണ്ടായിരുന്നത് ഒരു മോളാ ...
അത് ആരുടെയോ കൂടെ ഓടിപ്പോയിട്ടു കാലം കുറെ ആയി
എവിടെയാനെന്നൊരു വിവരവുമില്ല ..

പാടത്തും പറമ്പിലും ഓടി നടന്നു പണിയെടുക്കുന്ന കാലത്ത് നാണിത്തള്ളക്ക് എല്ലാം ഉണ്ടായിരുന്നു
പിന്നീട് എപ്പോഴോ ഓരോന്നായി നഷ്ട്ടപ്പെട്ടു...
ആദ്യം പോയത് കുമാരേട്ടനാണ് ....തോട്ടില് വീണ്...
നാണിത്തള്ള അമ്മിണിയെ പെറ്റതിന്റെ പിറ്റേന്ന് ...
കന്നുകാലിയെ കഴുകാന് കൊണ്ട് പോയതാ....അപസ്മാരം ഇളകി .
ചത്തു പൊന്തി കൈതക്കൂട്ടത്തില് തടഞ്ഞു കിടന്നു ...
എല്ലാവരും പറഞ്ഞു ...പെറ്റു വീണതും തന്തയെ കൊണ്ട് പോയി..
ഓര്മ വെച്ച നാള് തൊട്ടു നാണിയമ്മ വീട്ടിലെ പണിക്കു വരുന്നുണ്ട്...അമ്മിണിയും കൂടെ യുണ്ടാകും...
അമ്മ തളര് വാദം വന്നു കിടപ്പിലായതുകൊണ്ട് കാലത്ത് കുളിപ്പിച്ച് തന്നെ സ്കൂളില്
വിട്ടിരുന്നതും വീട്ടിലെ പണികളൊക്കെ ചിയ്തിരുന്നതും
നാണിയമ്മയാണ്..അന്നൊക്കെ നാണിയമ്മയെ കാണാന് അമ്മയേക്കാള് ഭംഗി
യായിരുന്നു..വെളുത്തു അധികം തടിയില്ലാതെ ...ചുരുണ്ട് നീണ്ടു കിടക്കുന്ന
മുടിയില് കാച്ചിയ എണ്ണയുടെ മണം.. പടിയിറങ്ങുമ്പോള് നാണിയമ്മ പറയും
"മോനെ അമ്മിണിയെ നോക്കിക്കോളനെ"
അന്നൊരു ഞായറാഴ്ച ..
ഞായറാഴ്ചകളില്‍ അച്ഛന്‍ തട്ടിന്‍ മുകളിലെ വായനാ മുറിയിലായിരിക്കും..
സമയത്തിനു ഊണ് പോലും കഴിക്കാതെ ....വായനയില്‍ മുഴുകിയിരിക്കും....
പൂരപ്പിരിവുകാര് വന്നപ്പോള്‍ അച്ഛനെ വിളിക്കാന്‍ തട്ടിന് പുറത്തേക്കു പോയതാണ് ..
അവിടെ ..നാണിയമ്മയും അച്ഛനും ....
തന്നെ കണ്ടതും നാണി യമ്മ മുണ്ട് വാരിച്ചുറ്റി ചാടി എഴുന്നേറ്റു...
തിരിച്ചു കോണിപ്പടി ഓടിയിറങ്ങി...അമ്മയുടെ മുറിയില്‍ ചെന്നു...നിന്നു കിതച്ചു..
"എന്താടാ നിന്നു കിതക്കണേ" നീയെന്തിന്ന ഇങ്ങനെ ഓടണെ ..
അച്ഛനോട് പറഞ്ഞോ...
'ഉം"... വെറുതെ ഒന്ന് മൂളി ..
പാവം അമ്മ ...ഒന്നെഴുന്നെല്‍ക്കാന്‍ കൂടി വയ്യാതെ...
തന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ..
അന്ന് മുതല്‍ നാണിയമ്മയെ വെറുത്തു...അമ്മിണിയെ വെറുത്തു....
നാണിയമ്മ ഇനി ഇവിടെ പണിക്കു വരണ്ടാ ....
അമ്മക്കൊന്നും മനസ്സിലായില്ല...
"അതെന്താടാ പെട്ടെന്ന് ഇങ്ങനെ..." അതൊരു പാവമല്ലേ ..ഒന്നുമില്ലെങ്കിലും നീയതിന്റെ മുലപ്പാല് കുടിച്ചിട്ടുണ്ട് ..അത് മറക്കണ്ടാ...
തീര്‍ത്ത്‌ പറഞ്ഞു... വേണ്ടാ എന്ന്‌ പറഞ്ഞാല്‍ വേണ്ടാ എന്ന്‌ തന്നെ...
അച്ഛന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല...
ജോലി കഴിഞ്ഞു വന്നാല്‍ മുകളില്‍ തന്നെയായി ..വല്ലപ്പോഴും അത്യാവശ്യത്തിനു അമ്മയുടെ
മുറിയില്‍ വരും ...തന്നെ കണ്ടതായി പ്പോലും നടിച്ചില്ല...
നാണിയമ്മ വരാതായി... പകരം അടുത്തുള്ള മറ്റൊരു സ്ത്രീയായി വീട്ടു പണിക്ക്...


അമ്മിണി വല്യ പെണ്ണായപ്പോള്‍ സ്കൂളില്‍ പോക്ക് നിര്‍ത്തി...പിന്നെ നാണിയമ്മയുടെ കൂടെ കൂലിപ്പണിക്ക് പോയിത്തുടങ്ങി..
എന്നോ ഒരു ദിവസം അമ്മിണിയെ കാണാതായി,മനക്കല് പണിക്കു നിന്നിരുന്ന വാസൂനേം ..
നാണിയമ്മ ആരോടും ഒന്നും പറഞ്ഞില്ല...തിരയാനും പോയില്ലാ...നഷ്ട്ടങ്ങളുടെ കണക്കില്‍ അമ്മിണി യെയും വരവ് വെച്ച് കാണും....
നാടിന്‍റെ നെഞ്ചു പിളര്‍ത്തി തീവണ്ടി പാഞ്ഞപ്പോള്‍ നാണിയമ്മയുടെ വീട് റെയില്‍വേ
എടുത്തു പോയി...പുറമ്പോക്കില്‍ ഒരു കുടില് വെച്ചിട്ടായി പിന്നെ
നാണിയമ്മയുടെ താമസം...
കാലത്തിന്‍റെ കുത്തൊഴുക്കില്‍ നാണിയമ്മ ..നാണിത്തള്ളയായി മരിച്ചു...

ഇനി പുറത്തേക്ക് എടുക്കാം അല്ലെ.. ആരോ പറഞ്ഞു..ആരെങ്കിലും ഒന്ന് രണ്ടാളുകള് വരാ...
ഒരു ഉള്വിളി പോലെ ...കണ്ണ് കലങ്ങി ..ഇടനെഞ്ച് വിങ്ങി..
വായില് മുലപ്പാലിന്റെ മധുരം കിനിഞ്ഞു ..ഇത് നിന്റെ അമ്മയാണ്...
അകത്തേക്ക് കടന്നു ...നാണിയമ്മയുടെ തല പിടിച്ചു ....ചിതയിലേക്ക് എടുത്തു വെച്ചു .. വലം വെച്ചു...ആരോടെന്നില്ലാതെ പറഞ്ഞു
ഞാന് കൊളുത്താം ചിത ...ശേഷം ഞാന് കെട്ടിക്കോളാം..
ശേഷക്രിയ ഞാന് ചൈയ്തോളാം...
ഇതെന്റെ അമ്മയാണ് ..എന്റെ മാത്രം അമ്മ....



ഗോപിവെട്ടിക്കാട്

Leia Mais

നിഴലുകൾ എന്നെ പിന്തുടരുന്നു….

ഫോണിലൂടെ അറിഞ്ഞ വാർത്ത കേട്ടപ്പോൾ മരിച്ചു കിടക്കുന്ന വലിയച്ഛനു പകരം, തുറിച്ച കണ്ണൂമയി തൂങ്ങിനിൽക്കുന്ന അച്ഛന്റെ മുഖമാണു മനസ്സിലൂടെ ആദ്യം കടന്നു പോയത്. ഒരു നിമിഷം...കണ്മുന്നിൽ ഒത്തിരി കാര്യങ്ങൾ അഭ്രപാളിയിലെന്നപോലെ തെളിഞ്ഞു..


എന്താടാ വിശേഷിച്ച്...അടുത്തു നിന്നിരുന്ന അനി ചോദിച്ചത് കേട്ടില്ലെന്നു നടിച്ചു പച്ചകറി അരിയാൻ തുടങ്ങി. വീണ്ടും വീണ്ടുമുള്ള അവന്റെ ചോദ്യം സഹിക്കാൻ വയ്യാതായപ്പോൾ കാര്യം പറഞ്ഞു. അവന്റെ മുഖം വിളറി.


വിഷമിക്കാതെടാ , നിന്റെ വലിയച്ഛനു അത്രയും ആയുസ്സേ ദൈവം വിധിച്ചിട്ടുള്ളായിരിക്കും. അവൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.


" ആട്ടെ, നീ എപ്പോളാ പോകുന്നത്?"


" ഓ, ഞാൻ പോകുന്നില്ല."


" ഛെ, നീയെന്താണീ പറയുന്നത്.. നിന്റെ കൈയിൽ പണമില്ലേ?സാരമില്ലെടാ, കുറച്ചു പണം എന്റെ പക്കലുണ്ട്."


" അതല്ല, ഞാൻ പോകുന്നില്ല...എല്ലാം നിനക്കറിയാല്ലോ?" "അതൊക്കെ വിട്ടുകളയടാ, അല്ലെങ്ങിലും ഇപ്പോളാണോ അതൊക്കെ.. ങാ, നീ പോകാൻ നോക്കു.."


എന്നിൽ നിന്നും പ്രതികരണം ഒന്നും കാണതാവണം അവൻ തന്നെ ബാഗിൽ എന്റെ രണ്ടു ജോഡി വസ്ത്രം കുത്തിതിരുകി. എല്ലാം നോക്കി ഒന്നും മിണ്ടാതിരുന്നു.


"എടാ, പെട്ടെന്നു ചെല്ലാൻ നോക്ക്. വ്വൈകിയാൽ..."


ഉം..പോകണം...എനിക്കത് കാണണം...മനസ്സ് പിറുപിറുത്തു. അനിയുടെ കൈയിൽ നിന്നും ബാഗ് കടന്നെടുത്ത്, മേശയിൽ നിന്നും കുറച്ച് പണം എടുത്ത് ജീൻസിന്റെ പോക്കറ്റിൽ തിരുകി. അവനെ ഒന്നു നോക്കുകകൂടി ചെയ്യാതെ പടിയിറങ്ങി.

നാട്ടിലേക്കുള്ള ബസ്സിൽ പുറകോട്ടോടുന്ന നഗരകാഴ്ചക്കൊപ്പം മനസ്സ് വർഷങ്ങൾ പിന്നൊട്ടു സഞ്ചരിച്ചു. കഷ്ടതകൾ നിറഞ്ഞ തന്റെ ബാല്യകാലം...ഊമയായ അച്ഛന്റെ തണലിൽ കഴിച്ചുകൂട്ടിയ നാളുകൾ...


മിണ്ടാനാവില്ലെങ്കിലും അംഗചലനങ്ങളിലൂടെ തർക്കിച്ചും, വിലപേശിയും മീൻ വിറ്റ് കുടുംബം പുലർത്തിയിരുന്ന അച്ഛൻ. നാലുപേരടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയം അച്ഛനയിരുന്നു. വീട്ടിലെ ചെലവ് കഴിച്ച്, എന്നും ഒരു തുക അച്ഛൻ വലിയച്ഛന്റെ കൈയിൽ ഏൽപ്പിക്കുമയിരുന്നു. തന്റെ മകളുടെ വിവാഹാവശ്യത്തിനു വേണ്ടി.... ഒടുവിൽ...പൊന്നുമൊളുടെ വിവാഹമുറപ്പിച്ച്, പണം ചോദിക്കാൻ വലിയച്ഛന്റെ അടുക്കൽ ചെന്ന അച്ഛന്റെ മുഖം എന്നും കണ്മുന്നിലുണ്ട്. അന്ന് പത്ത് വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ.... മിണ്ടാൻ കഴിയാതെ, ആംഗ്യത്തിലൂടെ യാചിക്കുന്ന അച്ഛൻ...പൊട്ടിച്ചിരിക്കുന്ന വലിയച്ഛൻ...വലിയച്ഛനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന വലിയമ്മ...ക്രൂരതയോടെ എല്ലാം കണ്ടുരസിക്കുന്ന വലിയച്ഛന്റെ പെണ്മക്കൾ...തലക്ക് കൈതാങ്ങി നിലത്തിരിക്കുന്ന അച്ഛൻ... പകച്ചിരിക്കുന്ന ഞാൻ...വലിയച്ഛനെ ശപിച്ചുകൊണ്ട്, എന്നെയും വലിച്ചിഴച്ച് പടിയിറങ്ങുന്ന അമ്മ.... കളികൂട്ടുകാരനെ നഷ്ടപ്പെട്ടു ഏങ്ങിക്കരയുന്ന ഗോപിയേട്ടൻ...മനസ്സിലെ വെള്ളിത്തിരയിൽ എന്നും മങ്ങാതെ നിൽക്കൂന്ന ചിത്രം!! അവസാനം...അവസാനം...മുടങ്ങിപ്പോയ വിവാഹദിവസം... ആദ്യരാത്രിയുടെ ഊഷ്മളതയിലേക്ക് പ്രവേശിക്കേണ്ട യാമങ്ങളിൽ...നിദ്രയെ ഭോഗിച്ച്, ആ ഭോഗത്തിന്റെ മാസ്മരലഹരിയിൽ എക്കിളിപ്പെട്ടും, പുളഞ്ഞും...ഒരു സീൽക്കാരത്തോടെ എന്നെന്നേക്കുമായി നിദ്രയെ മാറോടണച്ച തന്റെ പൊന്നു പെങ്ങൾ...തുറിച്ച കണ്ണുകളുമായി തൂങ്ങിയാടുന്ന അച്ഛൻ...അലമുറയിടുന്ന അമ്മ...-അതേ സമയം- അച്ഛനെ ചിതയിലേക്കെടുത്ത അതേസമയം-ശരീരം തളർന്ന് കിടന്നുപോയ ക്രൂരനായ വലിയച്ഛൻ...എന്റെ വലിയച്ഛൻ!!!


ചുണ്ടിൽ ഉപ്പു രസം തോന്നിയപ്പോളാണു താൻ കരയുകയാണെന്ന് മനസ്സിലായത്. ഇല്ല, ഞാൻ കരയാൻ പാടില്ല. ഉണ്ണിക്ക് കരയാൻ കഴിയില്ല...കണ്ണുകൾ അമർത്തിതുടച്ചു. അപ്പൊഴെക്കും ബസ്സ് നട്ടിലെത്തി. വരമ്പ് മുറിച്ചുകടന്ന് വീടെത്താറയപ്പോൾ തന്നെ ആളുകളുടെ അടക്കിപിടിച്ച സംശരം കാതുകളിൽ വന്നലച്ചു. ഒന്നിനും ചെവികൊടുക്കാതെ , നിസ്സംഗതയൊടെ നടന്നു.


ഒടുവിൽ...വർഷങ്ങൾക്ക് ശേഷം ആ പടിപ്പുരയിൽ ഞാൻ എത്തിയിരിക്കുന്നു. ഒന്ന് ശങ്കിച്ചു നിന്നു.
വീട്ടിനകത്തു നിന്നും പതം പറച്ചിലുകൾ കേൾക്കാം.


വലിയമ്മയുടെ ഏങ്ങലടികൾ...

നാട്ടുകരുടെ കുശുകുശുപ്പ്...


ആരോ അകത്തേക്ക് പിടിച്ചു കയറ്റി. വർഷങ്ങൾക്ക് ശേഷം ഈ പടിചവിട്ടുകയാണു. മുറ്റത്ത് ഗോപിയേട്ടനോടൊപ്പം കൊത്തങ്കല്ല് കളിച്ചിരിക്കെയാണു അമ്മ തന്നെ വലിച്ചിഴച്ച് ഈ പടിയിറങ്ങിയത്. അതിനു ശേഷം ഈപ്പോൾ...


"എത്ര കാലം ഈ കെടപ്പു കെടന്നതാ! ഒരു കണക്കിനിതു നന്നായി..." ആരൊക്കെയോ തമ്മിൽ പറഞ്ഞു.


"താൻ പുഴുത്തു ചാവത്തൊള്ളടോ" മനസ്സിൽ അമ്മയുടെ ശാപവാക്കുകൾ തെകട്ടി വന്നു. ഒരു പാട് വട്ടം...കൂടിനിന്നവരിൽ ചിലരും അത് അയവിരക്കുന്നുണ്ടായിരുന്നു.


ഉണ്ണീ, പെട്ടന്ന് കുളിച്ചുവന്നോളൂ, കർമ്മങ്ങൽ തുടങ്ങണ്ടേ - ഏതോ ഒരു കാരണവർ അരികിൽ വന്ന് മന്ത്രിച്ചു. വലിയച്ഛനുമായി തെറ്റിപ്പിരിഞ്ഞ് ഗോപിയേട്ടൻ നാടുവിട്ടത് ആ നേരം വരെ ഓർത്തില്ല. വരേണ്ടിയിരുന്നില്ലെന്ന് തോന്നി.


"മോനേ, വലിയമ്മക്ക് നീ മാത്രമുള്ളെടാ" ആ ഏങ്ങലടിക്കുമുമ്പിൽ മനസ്സ് പതറിപ്പോയി. പെട്ടന്നു കുളിച്ചുവന്നു. കർമ്മങ്ങൾക്കായി ഇരുന്നു. ഒരു മാത്ര...ആ മുഖം വീണ്ടും കണ്ടു. മരണം തഴുകിയിട്ടും ക്രൂരത ഉപേക്ഷിക്കാൻ കൂട്ടാക്കാത്ത മുഖം ! ഒന്നേ നോക്കിയുള്ളൂ. മനസ്സിൽ എന്തൊക്കെയോ തെകട്ടി വന്നു. കുനിഞ്ഞിരുന്ന് കർമ്മങ്ങൾ മുഴുമിപ്പിച്ചു.


ശവം ചിതയിലേക്കെടുതു. കത്തിച്ച വിറകുകൊള്ളിയുമായി ചിതയെ വലംവയ്ക്കുമ്പോൾ...ശവം പൊതിഞ്ഞ തുണിയിൽ രക്തം കിനിയുന്നുവോ...?


വിഷം കലർന്ന രക്തം!!


അത്...അതെന്റെ ചേച്ചിയുടേതല്ലേ !!


ചിതയുടെ അരികിൽ നിൽക്കുന്ന പൂച്ചയുടെ തുറിച്ചകണ്ണുകൾ !!...


ഇല്ല, എന്റെ തോന്നലയിരിക്കും...


വയ്യ...എനിക്കൊന്നിനും വയ്യല്ലോ...


കത്തിയ വിറകുകൊള്ളി നിലത്തേക്കിട്ട് ഞാൻ പൈന്തിരിഞ്ഞ് നടന്നു. പിറകിൽ നാട്ടുകാരുടെ മുറുമുറുപ്പുകൾ..ആരൊക്കെയോ മാടിവിളിക്കുന്നു.


പക്ഷെ...എനിക്കതിനു കഴിയുന്നില്ലല്ലോ..


എനിക്കു പിന്നിൽ വിഷം കലർന്ന രക്തം ഒഴുകി വരുന്നു...


ത്തൂങ്ങിയാടുന്ന രണ്ടു കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നു!...


ഞാൻ വേഗം നടന്നു..രക്തൻ പുഴയായി എന്റെ പിന്നാലെ ഒഴുകി...


പിച്ചിപ്പറിക്കാൻ മാംസമില്ലാതെ വീർപ്പുമുട്ടുന്ന നഖങ്ങൾ എന്നിൽ നിന്നും മാംസം കരണ്ടെടുത്തു!!


പിന്നിൽ വലിയമ്മയുടെ ദീനരോദനം...


"കൊള്ളിവയ്ക്കാൻ ആളില്ലാതെ...ഗതിപിടിക്കാതെ താനലയും" - അമ്മയുടെ ശാപവാക്കുകൾ.


ആർക്കാണു ഞാൻ മോക്ഷം നൽകേണ്ട്ത്. ആരോടാണു ഞാൻ കടമ നിറവേറ്റേണ്ടത്...എനിക്ക് ഒന്നിനും കഴിയുന്നില്ലല്ലോ...


തുറിച്ച കണ്ണുകൾ എന്നെ മാടിവിളിക്കുന്നു...രക്തപുഴ എന്നെ ആശ്ലേഷിക്കാൻ...വരണ്ട നഖങ്ങൽ ക്ഷതമേൽപ്പിക്കാൻ....ഞാൻ ഓടി..എന്റെ പിന്നിൽ ആരാണു?


ആരാണെന്നെ പിടിച്ചു വലിക്കുന്നത്?


വലിയമ്മയോ... തുറിച്ച കണ്ണുകളോ... വലിയച്ഛന്റെ ശവമോ... വിഷം കലർന്ന രക്തമോ... അതോ...




© മനോരാജ്
Ler Mais

പൊരുത്തം



                 ഗുരുദാസൻ എന്ന ദാസൻ മാസ്റ്റരുടെ കല്ല്യാണദിവസം, കല്ല്യാണപ്പന്തലിൽ വെച്ച് സഹപ്രവർത്തകർ ചിന്തിച്ചതുപോലെ സംഭവിച്ചു.
                 ‘ഈ ബന്ധത്തിന് അധികകാലം ആയുസ്സുണ്ടാവില്ല’, എന്ന് വധൂവരന്മാരെ കണ്ടപ്പോൾ‌ പലർക്കും തോന്നിയതായിരുന്നു. കുരങ്ങിന്റെ കൈയിൽ പൂമാല പോലെയോ, കടുവയുടെ കൈയിൽ മുയലിനെ പോലെയോ ആയിരുന്നു അവരുടെ ദാമ്പത്യബന്ധം ആരംഭിച്ചത്. ഒടുവിൽ ഭാര്യ മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതോടെ ഗുരുദാസൻ മാസ്റ്റർ സ്വതന്ത്രനാവുകയും ഡൈവോർസ് എന്ന ലോട്ടറി അടിക്കുകയും ചെയ്തു.

                 നാട്ടിൻപുറത്തുകാരനായ ഗുരുദാസൻ തൊട്ടടുത്ത വിദ്യാലയത്തിലെ മലയാളം വിദ്വാനാണ്. മലയാള സാഹിത്യം വിരൽത്തുമ്പിലെടുത്ത് എല്ലായിപ്പോഴും അദ്ദേഹം അമ്മാനമാടി കളിക്കും.  കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തിന്റെ അച്ഛൻ പരലോകം പ്രാപിച്ചതിനാൽ കല്ല്യാണ സമയത്ത് വീട്ടിലുള്ളത് പ്രായമായ അമ്മ മാത്രം. ഏക മകനായതിനാൽ അമ്മക്ക് മകനും മകന് അമ്മയും തുണ ആയിരിക്കെ, മാതൃസ്നേഹം കരകവിഞ്ഞൊഴുകുന്ന നേരത്താണ് ഗുരുദാസന്റെ തലയിൽ ആരോ കല്ല്യാണചിന്ത കയറ്റി വിട്ടത്.

                  കല്ല്യാണക്കാര്യം അമ്മയുമായി ഡിസ്ക്കസ് ചെയ്യാൻ രണ്ട് സീനിയർ ടീച്ചേർസിനെ ഗുരുദാസൻ വീട്ടിലേക്ക് ഫോർവേഡ് ചെയ്തു. അവർ മകന്റെ കല്ല്യാണക്കാര്യത്തെപറ്റി ചർച്ച തുടങ്ങിയ ഉടനെ അമ്മ ‘കട്ട്’ ചെയ്തു.
“അതേയ് എന്റെ കല്ല്യാണസമയത്ത് അങ്ങേർക്ക് വയസ് നാല്പതാ, ഇവനത്ര പ്രായമൊന്നും ആയില്ലല്ലൊ”
“പെൻഷൻ പറ്റാറാകുമ്പോൾ മക്കളുണ്ടായാൽ മതിയോ?”
                  വയസ്സുകാലത്ത് മക്കളുണ്ടായാലുള്ള പ്രയാസങ്ങളെ കുറിച്ച് ഗുരുദാസൻ മാസ്റ്ററുടെ അമ്മക്ക്, ടീച്ചേർസിന്റെ വക ഒരു സ്റ്റഡീക്ലാസ്സ് കൊടുത്തു. ഒടുവിൽ പാർട്ടി മാറി വോട്ട് ചെയ്യുന്ന പ്രയാസത്തോടെ അമ്മക്ക് സമ്മതം മൂളേണ്ടിവന്നു.
“അവന് അത്ര വലിയ തിരക്കുണ്ടെങ്കിൽ നല്ലൊരു പെണ്ണിനെ ജാതകപ്പൊരുത്തം നോക്കി കഴിച്ചോട്ടെ; ഞാനെന്തിനാ ഒരു തടസ്സമാവുന്നത്”

                  അങ്ങനെ കൊട്ടും കുരവയും വെടിക്കെട്ടുമായി മുപ്പത്തിആറാം വയസ്സിൽ പത്തിൽ പത്ത് പൊരുത്തവുമായി ഗുരുദാസമാസ്റ്ററുടെയും പ്രതിഭയുടെയും വിവാഹം കഴിഞ്ഞു.

                   പഠനം കഴിഞ്ഞ് ഒരു സർക്കാർജോലി സ്വപ്നം കാണുന്ന ഇരുപത്തിമൂന്നുകാരി പ്രതിഭ ജോലിയെന്ന മോഹത്തോട് റ്റാറ്റ പറയാൻ തീരുമാനിച്ച്  കല്ല്യാണപ്പന്തലിലേക്ക് കയറി.

                  ആദ്യരാത്രി മണിയറയിൽ വെച്ച് ഗുരുദാസൻ ശരിക്കും ഒരു അദ്ധ്യാപകനെപോലെ നവവധുവിനെ ധാരാളം പഠിപ്പിച്ചു. എന്തെല്ലാം ചെയ്യണമെന്നും എന്തെല്ലാം ചെയ്യരുതെന്നും, കേട്ട് കേട്ട് അവൾക്ക് മടുത്തു. പ്രധാനമായും അമ്മയെ പരിചരിക്കേണ്ട കാര്യങ്ങളാണ്. അങ്ങനെ ആ രാത്രി ഉപദേശങ്ങൾ കേട്ട്‌കേട്ട് പ്രതിഭ അറിയാതെ ഉറങ്ങി.

                  അവൾ ഇതുവരെ കാണാത്ത ഒരു ബന്ധമായിരുന്നു ഗുരുദാസനും അമ്മയും തമ്മിൽ. അച്ഛൻ ചെറുപ്രായത്തിലെ മരിച്ചതിനാൽ അമ്മക്കും മകനും ഇടയിൽ മറ്റൊരു ലോകമില്ല. മകന്റെ മുന്നിൽ അമ്മയുടെ മാതൃസ്നേഹം അവാച്യമാണ്; ‘കഴിയുമെങ്കിൽ ആ അമ്മ മകനെ എടുത്ത് ഗർഭപാത്രത്തിൽ തന്നെ ഇരുത്തിക്കളയും’ എന്ന് അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

                  വിവാഹശേഷം ഒരാഴ്ച കഴിഞ്ഞ് പ്രതിഭയുടെ കരണത്ത് ആദ്യ അടി വീണു. വീട്ടിൽ വന്ന പാൽക്കാരനെ നോക്കി അവളൊന്ന് ചിരിച്ചതാണ് കാരണം. അടികൊണ്ട് കരയുന്ന മരുമകളെ കണ്ടില്ലെന്ന മട്ടിൽ അമ്മായിഅമ്മ അടുക്കളയിൽ പോയി ഭക്ഷണം വിളമ്പാൻ തുടങ്ങി.
 പിന്നെയങ്ങോട്ട് അടികൊള്ളാത്ത ദിനങ്ങളുടെ എണ്ണം കുറഞ്ഞു. 

                   ഒരു ദിവസം വളരെ സ്നേഹത്തോടെ പ്രതിഭയോടൊപ്പം ഗുരുദാസൻ ഭാര്യാഗൃഹത്തിലേക്ക് വിരുന്നിനു പോയി. പുരുഷന്മാരായ സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. വളരെ സന്തോഷത്തോടെ സ്നേഹത്തോടെ ഇരുവരും തിരിച്ചെത്തി. വീട്ടിൽ കടന്ന ഉടനെ ഗുരുദാസൻ മാസ്റ്റർ ഭാര്യയെ തല്ലാൻ തുടങ്ങി. അവളുടെ ശരീരം മുറിഞ്ഞ് രക്തം വന്നു. തല്ല് കൊണ്ട മരുമകളെ ആശ്വസിപ്പിച്ച അമ്മായിഅമ്മ മകനോട് കാരണം തിരക്കി.
“അത് ഞങ്ങൾ രണ്ട്പേരും റോഡിലൂടെ നടന്ന് വരുമ്പോൾ ബസിനകത്തിരിക്കുന്ന ഒരുത്തൻ ഇവളെ തുറിച്ച് നോക്കുന്നു. ഇവൾ അവനെ നോക്കിയത് കൊണ്ടായിരിക്കില്ലെ അവൻ നോക്കിയത്?”
“അത് പിന്നെ പെണ്ണിനെ ആണുങ്ങൾ നോക്കുന്നത് അവൾ ശരിയല്ലാത്തതു കൊണ്ടല്ലെ”
അമ്മ എരിതീയിൽ എണ്ണയൊഴിച്ചു.

                   മാസ്റ്റർ സ്ക്കൂളിൽ പോയ ഒരു ദിവസം പ്രതിഭയുടെ സഹോദരൻ അവളെ കാണാൻ വീട്ടിൽ വന്നു. വൈകുന്നേരം അളിയനെ കണ്ട് വിശേഷങ്ങൾ ആരാഞ്ഞ് തിരിച്ചുപോയി. അന്ന് ഗുരുദാസൻ മാസ്റ്റർ ഭാര്യയോട് പറഞ്ഞു,
“നിന്റെ സഹോദരനാണെങ്കിലും അവൻ ഒരു പുരുഷനാണ്; അത്കൊണ്ട് ഞാനില്ലാത്ത നേരത്ത് ഇവിടെ വന്നാൽ നീ പുറത്തിറങ്ങാതെ മുറിയടച്ച് ഇരിക്കണം”

                   ഭാര്യയെ സ്വന്തം വീട്ടിൽ പോലും വിടാതെ ഒരു വർഷം ആ വിവാഹജീവിതം മുന്നോട്ട് പോയി. ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിച്ച് പ്രതിഭ ഒരു മാനസീക രോഗി ആയി മാറി. വിടർന്ന പൂവിന്റെ ശോഭയുള്ള അവളുടെ പ്രതിഭയും സൌന്ദര്യവും നശിച്ച് വാടിക്കൊഴിയാറായി. മാനസിക രോഗിയായ ഭാര്യയെ അവളുടെ വീട്ടിലാക്കാനും ഡൈവോർസ് ചെയ്യാനും ഗുരുദാസൻ മാസ്റ്റർക്ക് എളുപ്പമായി.
  
                   വർഷം ഒന്ന് കഴിഞ്ഞു; മാസ്റ്ററുടെ ദയനീയ അവസ്ഥ കണ്ടപ്പോൾ സുഹൃത്തുക്കൾക്ക് തോന്നി; അദ്ദേഹത്തെ ഒന്നു കൂടി വിവാഹം കഴിപ്പിച്ചാലോ?
                  അമ്മക്ക് ഇടയ്ക്കിടെ അസുഖം വരുന്ന അവസ്ഥയിൽ വീട്ടിൽ ഒരു ഭാര്യ ആവശ്യമാണെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ ഒരു ശുഭദിനത്തിൽ ജാതകപ്പൊരുത്തം നോക്കാതെ വിലാസിനി ടിച്ചറെ ഗുരുദാസൻ മാസ്റ്റർ കല്ല്യാണം കഴിച്ചു. ‘കുരങ്ങിന്റെ കൂടെ ഒരു കരിം‌കുരങ്ങ്തന്നെ ആയത് നന്നായി’ എന്ന് രണ്ടാം കല്ല്യാണവേദിയിൽ വെച്ച് സഹപ്രവർത്തകർ പറഞ്ഞു.

                       പ്രശ്നങ്ങളൊന്നും ഇല്ലാതെ വളരെ സന്തോഷത്തോടെ അവരുടെ ദാമ്പത്യബന്ധം മുന്നോട്ട് പോവുകയാണ്.
ഒരു ദിവസം സ്ക്കൂളിലെ സഹപ്രവർത്തകർ ഗുരുദാസൻ മാസ്റ്ററോട് ചോദിച്ചു,
“ആ പ്രതിഭ വളരെ നല്ല കുട്ടി ആയിരുന്നില്ലെ? മാഷെന്തിനാ അവളെ ഒഴിവാക്കി ഇത്രയും വിരൂപിയായ സ്ത്രീയെ കല്ല്യാണം കഴിച്ചത്? ടീച്ചറായതു കൊണ്ടാണോ?”
“ഒരു ഭാര്യ ഇങ്ങനെയായിരിക്കണം ; കണ്ടാൽ ഒരു പുരുഷനും നൊക്കുകയില്ല, പോരാത്തതിന് വായ്നാറ്റം. അത് സഹിക്കാത്തതുകൊണ്ട് ആരും അവളുടെ അടുത്ത് വരില്ല; ഇപ്പോൾ എന്തൊരു മനസ്സമാധാനം”
ശരിക്കും ചികിത്സ വേണ്ടത് ഗുരുദാസൻ മാസ്റ്റർക്കാണെന്ന് പലർക്കും തോന്നി.
Ler Mais